പ്രണയമൂല്യം


പ്രണയമൂല്യം
അയല്‍ രാജ്യത്ത് യുദ്ധത്തിലായിരുന്ന പടത്തലവന്‍ ഇടയ്ക്കു വീണു കിട്ടിയ ചെറിയ ഇടവേളയില്‍ രാജകുമാരിയെ രഹസ്യമായി സന്ധിച്ചു.

"എന്റെ പ്രണയിനീ, ഈ തവണ യുദ്ധം കഴിഞ്ഞു മടങ്ങിവരുമ്പോള്‍ നിനക്കു സമ്മാനിക്കാനായ് ഞാന്‍ വാങ്ങിവെച്ചിരിക്കുന്ന ആ അമൂല്യ ഉപഹാരം എന്തെന്ന് നിനക്കൂഹിക്കാമോ?"

അവള്‍ ചിന്തി‍ച്ചു. എന്തായിരിക്കും അവളുടെ പ്രണയത്തിന്റെ അവസാന വാക്കായ ആ രാജ്യത്തിന്‍റെയും  അവളുടെ സ്നേഹത്തിന്റെയും പടത്തലവന്‍ അവള്‍ക്കായി വാങ്ങിവെച്ചിട്ടുണ്ടാവുക? അവളുടെ മനസ്സിലൂടെ പലപല ചിത്രങ്ങള്‍ കടന്നു പോയി. പടത്തലവന് ഏറ്റവും താല്പര്യമുള്ള വിഷയം തന്നെ അവള്‍ ഊഹിച്ചെടുത്തു.

"അങ്ങ് ആ രാജ്യത്തെ അറിയപ്പെടുന്ന ഏതെങ്കിലും ഒരു ചിത്രകാരനില്‍ നിന്നും അങ്ങേക്കിഷ്ടപ്പെട്ട ഒരു നല്ല ചിത്രം തന്നെ എനിക്ക് വേണ്ടി വാങ്ങി വെച്ചിട്ടുണ്ടാവും - തീര്‍ച്ച!"

രാജകുമാരിയുടെ മറുപടി അയാളെ ചിന്തയിലാഴ്ത്തി,  വീണ്ടും ചോദിച്ചു. "എങ്കില്‍ എന്തു ചിത്രമായിരിക്കും ഞാന്‍ നിനക്കായി വാങ്ങിയിട്ടുണ്ടാവുക?"

അവള്‍ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.   “ഒരു നിലാവുള്ള രാത്രിയുടെ ചിത്രം!  നമ്മള്‍ രണ്ടുപേരും തനിയെ നടക്കാറുള്ള ഏതെങ്കിലും ഒരു രാത്രിയെ ഓര്‍മിപ്പിക്കുന്ന ഒന്ന്”

അയാള്‍ അര്‍ത്ഥപൂര്‍ണ്ണമായി മന്ദഹസിച്ചു. "നീ എത്ര കൃത്യമായാണ് എന്റെ മനസ്സ് വായിച്ചെടുത്തത്".

"കണ്ടോ നമ്മുടെ മനപ്പൊരുത്തം?" അവള്‍ ചിരിച്ചു കൊണ്ട് അവളുടെ പതിവു കൊഞ്ചലുകളിലേക്ക് നീങ്ങി.

യുദ്ധഭൂമിയില്‍ തിരിച്ചെത്തിയ അയാള്‍ അടുത്ത ദിവസം തെരുവിലെ കടകളിലൊന്നില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്ന തരക്കേടില്ലാത്ത ഒരു ചിത്രം വാങ്ങി.  രാജകുമാരി പറഞ്ഞതു പോലെ നീല നിലാവുള്ള രാത്രിയില് ‍കൈകോര്‍ത്തു നടക്കുന്ന രണ്ടു യുവമിഥുനങ്ങളുടെ ചിത്രം.

ആ ചിത്രം തന്റെ ഭാണ്ഡത്തില്‍ ഭദ്രമായി സൂക്ഷിച്ച്, മറ്റൊരു രാത്രിയില്‍ അയാള്‍ രാജകുമാരിയെ തേടി തനിയെ യാത്രയായി. തന്റെ ഓര്‍മകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന നദിക്കരയിലൂടെ കുറേ ദൂരം സഞ്ചരിച്ച് വിജനമായൊരിടത്ത് കുതിരയെ കടിഞ്ഞാണിട്ടു. കുതിരപ്പുറത്ത്‌ നിന്നിറങ്ങിയ അയാള്‍ സാവധാനം നടന്നു നദിക്കരയിലെത്തി കുറച്ചുനേരം ആ നദിയിലെ ഓളങ്ങളിലേക്ക് നോക്കിനിന്നു.

പിന്നീട് തന്റെ തോല്സഞ്ചിയില്‍ നിന്ന് അയാളൊരു മോതിരം പുറത്തെടുത്തു.  ആ നിറഞ്ഞ നിലാവില്‍ ആ മോതിരത്തിലെ നീലക്കല്ലില്‍ നിന്നുതിര്‍ന്ന പ്രകാശം നദിയിലെ ഓളങ്ങളില്‍ തട്ടി വെട്ടിത്തിളങ്ങി.

രാജകുമാരിയോടോത്തുള്ള സല്ലാപവേളയില്‍ അവള്‍ എപ്പോഴും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നത് നീലക്കല്ലു പതിച്ച ഒരു മോതിരത്തെ കുറിച്ചായിരുന്നു. അവളുടെ ചിരകാല സ്വപ്നം! രാജാവിനോട് പറഞ്ഞാല്‍ അടുത്ത നിമിഷം തന്നെ ഒരു പക്ഷെ അത്തരമൊരു മോതിരം രാജാവ് കൊട്ടാരത്തില്‍ വരുത്തിക്കും.  അതവള്‍ക്ക്‌ ആവശ്യമില്ലായിരുന്നു.
അവള്‍ക്കായി തനിക്കത്‌ വാങ്ങാന്‍ കഴിയുമെന്ന് അവള്‍ക്ക് ഊഹിക്കാന്‍ പോലും കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് അയാളുടെ മനസ്സ് പിടഞ്ഞു. നീലക്കല്ലില്‍ ദീര്‍ഘമായൊരു ചുംബനം നല്‍കിയ ശേഷം ആ മോതിരം അയാള്‍ നദിയിലേക്ക് ആഞ്ഞു വലിച്ചെറിഞ്ഞു.

തന്റെ പ്രണയിനിക്കായ് താന്‍ വാങ്ങിയ ആദ്യ സമ്മാനത്തില്‍ നിന്നുതിരുന്ന നീലപ്രകാശം നദിയുടെ അടിത്തട്ടിലേക്ക് ആഴ്ന്നാഴ്ന്നു പോകവേ അയാള്‍ നിര്‍വികാരതയോടെ തന്റെ കുതിരയുടെ അടുത്തേക്ക്‌ മടങ്ങി.  ആ നിറഞ്ഞ നിലാവുള്ള രാത്രിയില്‍ നദീതീരത്തിലൂടെ രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് തന്റെ കുതിരയെ ഒരു തെന്നലിനോടൊപ്പം രാജകുമാരിയെ ലക്ഷ്യമാക്കി പായിച്ചു പോകവേ അയാള്‍ മനസ്സില്‍ പറഞ്ഞു.

"പെണ്ണേ..., നീയാ മോതിരം അര്‍ഹിക്കുന്നില്ല. എങ്കിലും എന്നോടൊത്തുള്ള വരുംകാല പ്രണയ മല്‍സരത്തില്‍ നീ ജയിക്കുന്നു എന്ന് തോന്നിക്കാനായി നീ ഉദ്ദേശിച്ച രൂപത്തിലുള്ള അതേ ചിത്രവുമായി ഞാന്‍ ഇതാ വരുന്നു!"


(അവതരണവും ചിത്രവും: എം സാദിഖ്‌ തിരുന്നാവായ


Comments