വിലകൂടിയ ഗുളികകള്‍


വിലകൂടിയ ഗുളികകള്‍

മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ റാന്തലിന്റെ ഇത്തിരിവെട്ടത്തില്‍ കുടിലിന്റെ മൂലക്ക് പാതികീറി മുഷിഞ്ഞ പുസ്തകത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന മകനെ നോക്കി പെരുമ്പറ ശബ്ദത്തില്‍ ചുമച്ചു കൊണ്ട് അയാള്‍ പറയും.

"നീ വല്യ ഉദ്യോഗക്കാരനായി കണ്ടിട്ട് വേണം എനിക്ക് മരിക്കാന്‍."

"അച്ഛന്‍ മരിക്കില്ല. ഞാന്‍ വല്യ ആപ്പീസരായി അച്ഛന് വെലകൂടിയ ഗുളികകള്‍ വാങ്ങിത്തന്നു അഛ്ചന്റെ എല്ലാ അസുഖോം മാറ്റും." തന്റെ കുഞ്ഞിന്റെ ധൃഡതയാര്‍ന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അയാളുടെ കണ്ണ് നിറയും.

മകന്റെ പ്രാര്‍ത്ഥന ദൈവം സ്വീകരിച്ചു കാണണം. അവന്റെ ഉദ്യോഗവും ജോലിക്കയറ്റവും അയാള്‍ക്ക് കണ്കുളിര്‍ക്കെ കാണാന്‍ ദൈവം അവസരം കൊടുത്തു. അവന്റെ ഉയര്‍ന്ന ജോലി സമൂഹത്തില്‍ നിലയും വിലയുമുള്ള കുടുംബത്തില്‍ നിന്ന് വിദ്യാഭാസമുള്ള ഒരു ഭാര്യയെയും ലഭിക്കാന്‍ കാരണമായി. 

പക്ഷെ അയാളുടെ രോഗത്തില്‍ മാത്രം ഒരു അയവും വന്നില്ല. 

മകന്‍ കൊണ്ടു കാണിച്ച ഒരു ഡോക്ടര്‍ക്കും അയാളുടെ അസുഖം ഭേദമാക്കാനായില്ല. ഓര്‍മ്മ വെച്ച നാള്‍മുതല്‍ പട്ടണത്തിലെ തെരുവീഥികളില്‍ ഉന്തുവണ്ടി വലിച്ചു നടന്ന കാലത്ത്‌ അതിനുമാത്രം പൊടിപടലങ്ങള്‍ അയാളുടെ ശ്വാസകോശങ്ങള്‍ വലിച്ചു കയറ്റിയിരുന്നു.

അര്‍ദ്ധരാത്രികളിലെ അയാളുടെ ചുമയില്‍ പേരക്കുട്ടികള്‍ ഞെട്ടിയുണര്‍ന്നു. മരുമകള്‍ പ്രാകുന്നത് അയാള്‍ കേള്‍ക്കെ ആയിത്തുടങ്ങി. 'വൃദ്ധസദനം' എന്ന വാക്ക് അയാള്‍ ആദ്യമായി കേട്ടത് മരുമകളില്‍ നിന്നായിരുന്നു.

ഒരുനാള്‍ മകന്‍ അച്ഛനെ കുളിപ്പിച്ച് നല്ല വസ്ത്രങ്ങളൊക്കെ ഉടുപ്പിച്ച് പുതിയൊരു ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയി. തിരിച്ചു വരുമ്പോ മുന്തിയൊരു ഹോട്ടലില്‍ കയറി അച്ഛനു ഇഷ്ടപ്പെട്ട ആഹാരങ്ങളൊക്കെ വാങ്ങിക്കൊടുത്തു. അച്ഛന്റെ എത്രയോ നാളത്തെ ആഗ്രഹമായിരുന്ന കുറച്ചു ദൂരെയുള്ള ആ അമ്പലത്തില്‍ കൊണ്ടുപോയി ഒരു പാല്‍പായസം കഴിപ്പിച്ചു. 

തന്റെ ജീവിതം ധന്യമയതായി ആ അച്ഛനു തോന്നി.

അന്ന് കിടക്കാന്‍ നേരം മകന്‍ അയാളുടെ അരികില്‍ വന്നു.

 "അച്ഛന്‍ ഇനി പഴയ മരുന്നൊന്നും കഴിക്കേണ്ട. ഈ ഒരൊറ്റ ഗുളിക മതി. ഇതൊരു വെലകൂടിയ ഗുളികയാണ്. എല്ലാം മാറിക്കോളും."  മനോഹരമായ ഒരു ബോട്ടില്‍ തുറന്നു നല്ല മണമുള്ള ഒരു പുതിയൊരു തരം ഗുളിക പുറത്തെടുത്തുകൊണ്ട് മകന്‍ പറഞ്ഞു.  അത് കഴിക്കാനുള്ള വെള്ളവും അച്ഛന് മകന്‍ തന്നെ എടുത്തു കൊടുത്തു. പിന്നീട് മേശപ്പുറത്തിരുന്ന മരുന്നുകളെല്ലാം വാരി ഒരു പ്ലാസ്റ്റിക് കവറിലേക്കിട്ടു.

പഴയ കുടിലില്‍ റാന്തലിന്റെ വെളിച്ചത്തില്‍ താന്‍ അന്ന് കണ്ട മകന്റെ കണ്ണിലെ വെളിച്ചം ഇന്നും അയാള്‍ കണ്ടു. സന്തോഷം കൊണ്ട് അയാളുടെ കണ്ണ് നിറയുകയും സ്വന്തം മകന് നേരെ കൈ കൂപ്പുകയും ചെയ്തു അയാള്‍.

പിറ്റേന്ന് തന്നെ മകന്‍ വീട്ടുസാധനങ്ങളെല്ലാം തൊട്ടടുത്ത സിറ്റിയിലെ തന്റെ പുതിയ ഫ്ലാറ്റിലേക്ക് മാറ്റി. അതേ ടൌണിലെ തന്റെ പുതിയ ഓഫീസില്‍ ബ്രാഞ്ച് മാനേജര്‍ ആയി ജോയിന്‍ ചെയ്തു.

ച്ഛന്റെ ശവം കാലത്തേ അയാള്‍ കോര്‍പ്പറേഷന്റെ പുതിയ ഇലക്ട്രിക്‌ ക്രിമേഷന്‍ സെന്ററിലേക്കയച്ചിരുന്നല്ലോ.

കഥയും  ചിത്രവും : എം സാദിഖ്‌ തിരുന്നാവായ

Comments

Post a Comment