വെറും ആറുമാസം ഗ്യാരന്റിയുള്ള ക്ലോക്ക്


വെറും ആറുമാസം ഗ്യാരന്റിയുള്ള ക്ലോക്ക്‌

“ഒരു ക്ലോക്ക് വേണം!”

കേറി വന്നതും മുഖവുരയൊന്നും കൂടാതെ ചുവരില്‍ തൂക്കിയ ക്ലോക്കുകളിലേക്ക് നോക്കിക്കൊണ്ട്‌ അയാള്‍ പറഞ്ഞു.  സെയില്‍ ഗേളിന്റെ മുഖത്ത് ഒന്ന് നോക്കുക പോലും ചെയ്യാതെ ഡിസ്പ്ലേ ചെയ്തിരിക്കുന്ന ക്ലോക്കുകളിലൂടോരോന്നിലൂടെയും കണ്ണോടിച്ചു കൊണ്ടിരിക്കുകയാണ് അയാള്‍. കസ്റ്റമറിന്റെ ആവശ്യത്തെപ്പറ്റി കൂടുതല്‍ അറിഞ്ഞിരുന്നെങ്കില്‍ തന്റെ ജോലി എളുപ്പമായേനെ എന്ന് സെയില്‍സ്‌ ഗേളിനു തോന്നി .

"ഗിഫ്റ്റ് കൊടുക്കാനാണ്, ഒരു സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചലിന്"

അവള്‍ക്കാശ്ചര്യം തോന്നി. അയാള്‍ എപ്പോഴാണ് തന്റെ മനസ്സ് വായിച്ചെടുത്തത്‌?

മഞ്ഞ ടീഷര്‍ട്ടും നീല ജീന്സുമണിഞ്ഞ ആറടിയിലേറെ പൊക്കമുള്ള അയാളുടെ ആകാരഭംഗിയില്‍ കുറച്ചു നേരത്തേക്ക് താനൊരു സെയില്‍സ്ഗേള്‍ ആണെന്ന കാര്യം അവള്‍ മറന്നു. ഒരിക്കലെങ്കിലും അയാള്‍ തന്റെ നേരെ തിരിയുകയും മറ്റേതൊരു ചെറുപ്പക്കാരനെയും പോലെ എന്തെങ്കിലുമൊക്കെ തന്നോട് കുശലം പറഞ്ഞിരുന്നുവെങ്കില്‍ എന്നും അവള്‍ വല്ലാതെ ആഗ്രഹിച്ചു.

"ഈ മരത്തില്‍ തീര്‍ത്ത ഡിസൈന്‍സ് ഒറിജിനല്‍ മരം തന്നെയാണോ അതോ പ്ലാസ്റ്റിക്കോ?" ഒരു ക്ലോക്ക് എടുത്തു അതിന്റെ ഫ്രൈമില്‍ ചെറുതായി തട്ടി നോക്കിക്കൊണ്ട് അയാള്‍ ചോദിച്ചു. അപ്പോഴും അയാള്‍ തിരിഞ്ഞു നോക്കിയില്ല.

കടയില്‍ തങ്ങള്‍ രണ്ടു പേര്‍ മാത്രമായിരുന്നിട്ടും അയാള്‍ ഒരിക്കലെങ്കിലും തന്റെ മുഖത്തു നോക്കി സംസാരിക്കാത്തത്തില്‍ അവള്‍ക്കു അരിശം വന്നു.

"നന്നായി പായ്ക്ക് ചെയ്യണം. നേരെ പോകുന്നത് ഫങ്ങ്ഷനിലേക്കാണ്." വിലകൂടിയ മോഡല്‍ ഒരു ക്ലോക്ക് എടുത്തു അവളുടെ മുന്നിലെ കൌണ്ടറിലേക്ക് വെച്ചു.

അയാള്‍ വില ചോദിച്ചില്ല. അതിലെ പ്രൈസ് ടാഗ് കണ്ടിട്ടുണ്ടാവും. ഒരു വില പേശലിനും അയാള്‍ മുതിരുന്നില്ല. നല്ല കാശുള്ള ഏതോ കുടുംബത്തിലേതാവും.

"അല്ലാ, ഇതിനെത്രയാ ഗ്യാരണ്ടി?"

ഹോ ഇപ്പോഴെങ്കിലും തന്റെ മുഖത്ത് അയാള്‍ നോക്കിയല്ലോ.

"ഗ്യാരണ്ടിയില്ല. വാറണ്ടിയേ ഒള്ളൂ, ആറു മാസം" പുഞ്ചിരിച്ചു കൊണ്ട് അവള്‍ മറുപടി പറഞ്ഞു.

"വെറും ആറു മാസം? ഹ്മം... ഇത്രയും വിലയുള്ള ഒരു ക്ലോക്കിന് വെറും ആറു മാസം വാറണ്ടിയോ?" അയാള്‍ ചിറികോട്ടി.

അതിനവള്‍ മറുപടിയൊന്നും പറഞ്ഞില്ല. നന്നായി പായ്ക്ക് ചെയ്ത കവര്‍ അയാള്‍ക്ക്‌ കൈമാറുമ്പോള്‍ തന്റെ കൈ അയാളുടെ കൈയില്‍ സ്പര്‍ശിക്കാന്‍ അവളൊരു വിഫലശ്രമം നടത്തി.

അയാള്‍ പോയ്ക്കഴിഞ്ഞും അയാളുടെ പെര്‍ഫ്യൂമിന്റെ മണം ഷോപ്പില്‍ തങ്ങി നിന്നു. അവിവാഹിതനാണ് എന്ന് തോന്നുന്നു. വിരലില്‍ മോതിരമൊന്നും കണ്ടില്ല. അയാളെ കാമുകനായെങ്കിലും കിട്ടുന്നവള്‍ ഭാഗ്യവതി തന്നെ.

പെട്ടെന്ന് പുറത്ത് റോഡില്‍ ശക്തിയായി ബ്രേക്കിട്ട ഒരു വാഹനത്തിന്റെ ശബ്ദം അവളെ ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ത്തി. തുടര്‍ച്ചയെന്നോണം മറ്റൊരുവാഹനവുമായി കൂട്ടിയിടിക്കുന്ന ശബ്ദവും കൂടെ ഏതോ ഒരു മനുഷ്യന്റെ ആര്‍ത്തനാദവും!

അവള്‍ പുറത്തേക്കോടി.

മറ്റു പലരും ഓടിക്കൂടുന്നുണ്ടായിരുന്നു. നടു റോഡില്‍ ബസിന്റെ ടയറിനടിയിലേക്ക് കയറിക്കിടക്കുന്ന ഒടിഞ്ഞു മടങ്ങിയ ഒരു ബൈക്ക് അവള്‍ കണ്ടു. കുറച്ചു കൂടി കുനിഞ്ഞു ആ ബൈക്ക് യാത്രികനു വേണ്ടി പരതിയ കണ്ണുകളില്‍ പൊടുന്നനെ ഒരു മഞ്ഞ നിറം കയറി. റോഡിലും ആ മഞ്ഞ ടീ ഷര്‍ട്ട്‌ലുമായി പടരുന്ന കടും ചോരയുടെ നിറം തന്റെ കണ്ണുകളെ വളരെവേഗം ഇരുട്ട് കൊണ്ട് മൂടുന്നതായി അവള്‍ക്കു തോന്നി.

"ഓണ്‍ ദ സ്പോട്ടാ...നോക്കണ്ടാ" ആരോ ആരോടോ പറയുന്നത് കേട്ടു.

റോഡിനു ഓരം ചേര്‍ന്ന്, അയാളുടെ കയ്യില്‍ നിന്ന് തെറിച്ചുവീണ ആ ക്ലോക്ക് അവള്‍ കണ്ടു. ഏതാനും മിനിട്ടുകള്‍ മുമ്പ് താന്‍ അയാള്‍ക്ക്‌ കൈമാറിയ അതേ ക്ലോക്ക്. ചില്ല് പൊട്ടിയിരുന്നെങ്കിലും ആ ക്ലോക്ക് ആപോഴും ചലിക്കുന്നുണ്ടായിരുന്നു.

'വെറും ആറു മാസം വാറണ്ടിയുള്ള' ആ ക്ലോക്കിന്റെ ടിക് ടിക് ശബ്ദം ആ ബഹളത്തിനിടയിലും അവളുടെ കാതുകളില്‍ വന്നലക്കുന്നതായും അവിടെ കൂടിയവരെ മുഴുവന്‍ കൊഞ്ഞനം കുത്തുന്നതായും അവള്‍ക്കു തോന്നി.

കഥയും ചിത്രവും :   എം സാദിഖ്
 

Comments

Post a Comment