Wednesday, February 24, 2016

ഒരു ഓണ്‍ലൈന്‍ വസന്തത്തിന്റെ ഓര്‍മ്മയ്ക്ക്‌


ഒരു ഓണ്‍ലൈന്‍ വസന്തത്തിന്റെ ഓര്‍മ്മയ്ക്ക്‌ 

ഏകദേശം ഒരു വര്‍ഷം മുന്‍പ്‌:
ക്രിസ്മസ് രാവില്‍ തന്റെ ഹോസ്റ്റലിലെ കൂട്ടുകാരികളോടൊപ്പം കരോളിനുള്ള തയ്യാറെടുപ്പി-ലായിരുന്നു ശ്യാമ. പല നിറത്തിലും ആകാരത്തിലും ഇക്കാലത്ത് പുറത്തിറങ്ങുന്ന വിവിധയിനം ബലൂണുകളുടെ വൈവിധ്യത്തെപ്പറ്റി ചില കുസൃതിനിറഞ്ഞ സംഭാഷണത്തിലേര്‍പ്പെട്ടിരിക്കവേ ഒരുത്തി പറഞ്ഞു.

"ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം!"

"എങ്കില്‍ പിന്നെ നിങ്ങളുടെയൊക്കെ കാര്യം പോക്കാ..., ഞാന്‍ രക്ഷപ്പെട്ടു ഹ.. ഹ.. ഹാ." ശ്യാമ ഉച്ചത്തിലൊരു ആത്മഗതം നടത്തി.

അവളുടെ ചിരി പൊടുന്നനെ ഒരു ചിന്തയായി മാറി. കുറച്ചു നേരം മൌനിയായ ശേഷം ശ്യാമ  ആരോടെന്നില്ലാതെ പറഞ്ഞു. "നിങ്ങള്‍ തയ്യാറാവുന്നത് വരെ ഞാന്‍ പോയി സമാധാനമായി ഒന്ന് 'ഫേസ് ബുക്കട്ടെ'! "  രണ്ടാം നിലയിലെ റൂമിലേക്ക്‌ കോണിപ്പടി കയറുമ്പോള്‍ അവളുടെ മനസ്സില്‍ ഒരു പുതിയ ഫേസ്ബുക്ക് സ്റ്റാറ്റസ് രൂപം കൊള്ളുന്നുണ്ടായിരുന്നു.

പതിവുപോലെ മറ്റു പോസ്റ്റുകളിലും ചിത്രങ്ങളിലും മനസ്സ്‌ വ്യാപൃതമായതോടെ താനൊരു ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ്‌ ചെയ്യാനാണ് കയറി വന്നതെന്ന കാര്യം വിസ്മൃതിയിലായി.

തന്റെ ഫേസ്ബുക്ക് തെണ്ടല്‍ തുടരവേ തന്‍റെ സുഹൃത്ത്‌ ലൈക്‌ ചെയ്ത ഒരു പരസ്പര സുഹൃത്തിന്റെ സ്റ്റാറ്റസില്‍ അവളുടെ കണ്ണുടക്കി. "ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം". പിന്നീട് സാധനം നാലഞ്ചു വരികളില്‍ പരിഹാസമാണ്.

സുഹൃത്തിന്റെ ഏതോ ഒരു സുഹൃത്ത്, അവന്റെ മറ്റു പോസ്റ്റുകള്‍ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല.

പ്രൊഫൈല്‍ നോക്കി, ഒരു ‘മാനേജ്മെന്റ് പ്രൊഫഷണല്‍’. ഡല്‍ഹിയിലെ ഏതോ റിക്രൂട്ട്മെന്റ് ഏജന്‍സിയില്‍ ജോലിചെയ്യുന്നു.  എന്നാല്‍ പിന്നെ ഈ സ്റ്റാറ്റസ് 'കോപ്പി പേസ്റ്റ് തന്നെ'!  അതേ പ്രൊഫൈല്‍ ഒരു വിശകലനം നടത്തവേ രണ്ടു മിനിറ്റിനുള്ളില്‍ അവള്‍ക്കത് തിരുത്തേണ്ടി വന്നു. ഇതൊരു വഴി തെറ്റി വന്ന പ്രൊഫൈല്‍ അല്ല. അവന്റെ പോസ്റ്റുകള്‍ എല്ലാം ജെനുവിന്‍! കൂടുതലും തന്റെ തലയില്‍ കേറാത്ത കോര്‍പ്പറേറ്റ് ബിസിനസ്‌ തന്ത്രങ്ങളേയും പ്രായോഗിക കൌശലങ്ങളേയും പറ്റി പ്രതിപാദിക്കുന്നവ. ഇടയ്ക്കു ബിസിനസിനെയും ജോലിയെയും സംബന്ധിക്കുന്ന നുറുങ്ങു നര്‍മ്മങ്ങള്‍. അവയ്ക്ക് കൂട്ടായി സ്വന്തം മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍.

കൊള്ളാല്ലോ ചെക്കന്‍..! അവളുടെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ന്നു.

എങ്കില്‍ അയക്കാം ഒരു റിക്വസ്റ്റ്. അവന്‍ അത് സ്വീകരിക്കാതിരിക്കാന്‍മാത്രം പ്രത്യേകിച്ച് കാരണമൊന്നും അവള്‍ കണ്ടില്ല. വിശിഷ്യാ തന്റെ പുതിയ പ്രൊഫൈല്‍ ചിത്രമായ യുവനടിയുടെ വശ്യമായ ആ ചിരി കൂടി കാണുമ്പോള്‍ ഏതു പയ്യന്‍സും വീഴും.

താനും കയറി വന്നത് ഒരു സ്റ്റാറ്റസ് ഇടാനാണെന്നത് വീണ്ടും ഓര്‍മ വന്നതോടെ ആ കാര്യം നിര്‍വഹിച്ചു.  "ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.  ഹോ ഞാന്‍ രക്ഷപെട്ടു, നിങ്ങളുടെ കാര്യം പോക്കാ..."  താഴെ കരോളിനു തയ്യാറെടുക്കുന്ന കൂട്ടുകാരികളോടായിരുന്നു അവളുടെ ആ പരിഹാസം.

ഒരു സംശയം!  തന്റെ ഫ്രണ്ട് റിക്വസ്റ്റ് കണ്ട്, പ്രൊഫൈലില്‍ കണ്ണോടിക്കുമ്പോള്‍ ഇനിയെങ്ങാനും ആ ബൂര്‍ഷ്വാ തന്നെ തെറ്റിദ്ധരിക്കുമോ? അവന്റെ സ്റ്റാറ്റസ് കോപ്പി അടിച്ച് ഒരു ട്വിസ്റ്റിട്ടതാണ് താന്‍ എന്നെങ്ങാനും....?

അങ്ങനെ തോന്നാന്‍ മാത്രം ബുദ്ധി ഇത്തരം ബൂര്‍ഷ്വാസികള്‍ക്കുണ്ടാവുമോ? എങ്കില്‍ അവനോടു സംസാരിക്കുക തന്നെ വേണം.

റിക്വസ്റ്റ് കൊടുത്തു അഞ്ചുമിനിറ്റിനുള്ളില്‍ നോടിഫികേഷന്‍ കണ്ടു. Friend request accepted.  പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കൂടുതല്‍ ആലോചിക്കുന്നതിനുമുന്നേ ഉടനെ വന്നു ചാറ്റ് ബോക്സില്‍ ഒരു "hi".  സകല പൂവലന്മാരുടെം സ്ഥിരം പല്ലവി.

നാലഞ്ചു സമാന്തര സുഹൃത്തുക്കള്‍ ഉള്ളത് കൊണ്ടാവാം സംഭാഷണത്തില്‍ ഒരു ഫോര്‍മാലിറ്റീസും കടന്നു വന്നില്ല.  അപ്പപ്പോ എന്താണോ മനസ്സില്‍ തോന്നിയത് അത് തന്നെ എഡിറ്റ്‌ ചെയ്യാതെ ഒരിക്കല്‍ കൂടി വായിച്ചു നോക്കുക പോലും ചെയ്യാതെ Enter അടിച്ചു കൊണ്ടിരുന്നു. അപ്പുറത്തും അങ്ങനെത്തന്നെയാണ് എന്നതില്‍ സംശയമില്ല.

അവനോടു തല്‍ക്കാലം വിട ചോദിച്ചു കൂട്ടുകാരികളോടൊപ്പം ക്രിസ്മസ് ആഹ്ലാദങ്ങള്‍ പങ്കിടുമ്പോഴും, കുറച്ചു മുമ്പ് മാത്രം പരിചയപ്പെട്ട, തന്റെ പാതി മുറിയുന്ന സംഭാഷണങ്ങളെ കൂട്ടി വായിക്കാനറിയാവുന്ന,  തന്റെ സ്വതസിദ്ധമായ കുത്ത് കുത്ത് കുത്തുകള്‍ നിറഞ്ഞ വാചകങ്ങളെ ഉള്‍ക്കൊള്ളാനാവുന്ന, അതിലെ പറയാത്ത വാക്കുകളെ ചേര്‍ത്തുവായിക്കാനറിയാവുന്ന, അതിലെല്ലാമുപരി തന്റെ 'വരികള്‍ക്കിടയില്‍ വായിക്കാനറിയുന്ന, ഒരു ചെറുക്കന്‍ തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവില്ലേ എന്ന ചിന്ത ഹോസ്റ്റലില്‍ പൊടിപൊടിക്കുന്ന ആഘോഷങ്ങളില്‍ നിന്ന് പിന്മാറി വീണ്ടും അവനോടൊത്തു തനിച്ച് ചെറു സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ അവളെ വല്ലാതെ പ്രേരിപ്പിച്ചു.

മുഖ്യ സംഘാടകയായ ഒരാള്‍ പരിപാടിയില്‍ നിന്ന് മുങ്ങുക അസാധ്യം. എങ്കിലും അത് വേണ്ടി വന്നു. വീണ്ടും റൂമിലെത്തി ഫേസ്ബുക്കില്‍ പരതവേ തേടിവന്ന മുഖം അവിടെത്തന്നെ പച്ച കത്തി നില്‍ക്കുന്നുണ്ടെന്നുള്ളത് ശ്യാമക്ക് വല്ലാത്ത ഒരാശ്വാസം നല്‍കി. സംഭാഷണം വീണ്ടും തുടര്‍ന്നു.

അന്ന് രാവേറെ നീണ്ട് സാവധാനം ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ തന്റെ മുഖത്ത് അറിയാതെ നാളുകള്‍ക്കുശേഷം ഒരു പുഞ്ചിരി തങ്ങിനില്‍ക്കുന്നത് അവള്‍ക്കു പോലും വിശ്വസിക്കാന്‍ പ്രയാസം തോന്നി. അവന്‍ ഓഫ്‌ ലൈന്‍ ആയെങ്കിലും പിന്നെയും കുറേ നേരം അവന്റെ പ്രൊഫൈല്‍ ചിത്രത്തില്‍ തന്നെ നോക്കിക്കിടന്നു. അവള്‍ പോലുമറിയാതെ അവളുടെ മനസ്സപ്പോള്‍ രണ്ടു വരി മൂളിപ്പോയി.

"പാറി വന്നെങ്ങുന്നോയീ-
ശലഭമിന്നീ രാവില്‍.
നല്‍കുന്നൂ നിറമേറേ
മങ്ങിയോരെന്റെ രാവില്‍." 


പിറ്റേന്ന് ഒരു സ്പെഷ്യല്‍ ട്രെയിനിംഗ് ഉണ്ടായിരുന്നു. ഒട്ടും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. മനസ്സ് മുഴുവന്‍ ആ നിറം മങ്ങിയ ശലഭമായിരുന്നു. എത്രയും വേഗം ഹോസ്റ്റല്‍ റൂമിലെത്താന്‍ അവളുടെ മനസ്സ് വല്ലാതെ വെമ്പല്‍ കൊണ്ടു.

വൈകുന്നേരം ഓഫീസില്‍ നിന്ന് ഇറങ്ങും മുമ്പ് വളരെ അപ്രതീക്ഷിതമായി പെട്ടെന്നെവിടുന്നോ ഒരു മഴ പെയ്യാന്‍ തുടങ്ങി.

ഒരു മുന്നറിയിപ്പുമില്ലാതെ ഈ കൊടുംവേനലില്‍ ഒരു മഴയോ?  തന്റെ ട്രെയിനിംഗ് റൂമിന്റെ  ജനാലച്ചില്ലയില്‍ തട്ടി താഴോട്ടൊലിച്ചിറങ്ങുന്ന മഴത്തുള്ളികളെ ചില്ലിനിപ്പുറം അവള്‍ മെല്ലെ തലോടി.  ഊഷരമായിക്കിടന്നിരുന്ന തന്റെ മന്സസ്സിലും വര്‍ഷങ്ങള്‍ക്കിപ്പുറം മഴപെയ്യുന്നുവോ?തനിക്കെന്താണ് സംഭവിക്കുന്നത്? ചാരം പൂണ്ടു കിടന്ന തന്റെ ഈ ചിന്തകള്‍... എപ്പോഴാണ് അവയ്ക്ക് ചിറകുമുളച്ചത്? കണ്ണുകള്‍ സജലങ്ങളാകുന്നുവോ? അതും ഇന്നലെ എവിടുന്നോ കയറി വന്ന, ബാലിശമായ ചിന്തകളും, ബൂര്‍ഷ്വായിസവും, പെരുമാറ്റത്തില്‍ പിടിവാശിയും മാത്രമുള്ള ഒരുത്തനു വേണ്ടി...?

ഒരു പക്ഷെ എല്ലാം തന്റെ വെറും തോന്നലുകളാവാം. അവന്‍ ഇനി ഒരിക്കലും ഇന്‍ബോക്സില്‍ സംസാരിക്കാന്‍ വരില്ലായിരിക്കാം. അവനെ തന്നോട് ചേര്‍ത്ത് നിര്‍ത്താന്‍ മാത്രം എന്താണ് അവനു മുന്നില്‍ ഇനി തനിക്കു നിരത്താനുള്ളത്?  ഇതൊക്കെയോര്‍ക്കുമ്പോള്‍ എന്തിനാണ് തന്റെ മനസ്സ്‌ വിങ്ങുന്നത്.  അവന്‍ ഇന്നലെ കയറി വന്നവനല്ലേ? രണ്ടു നാള്‍ കൊണ്ട്  തന്റെമേല്‍ ഇത്രകണ്ട് സ്വാധീനം ചെലുത്താന്‍ മാത്രം അവന്‍ എന്താണ് ചെയ്തത്?

അവള്‍ പുറത്തിറങ്ങിയപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞു വന്നു. ചെറുതായി ചാറിക്കൊണ്ടി-രിക്കുന്ന മഴയില്‍ പൊള്ളുന്ന ശരീരവും വേവുന്ന മനസ്സുമായി അവള്‍ ഹോസ്റ്റലിലേക്ക് ധൃതിയില്‍ നടക്കുമ്പോള്‍ നടപ്പാതയില്‍ എതിരെ വരുന്നവരെ കൂട്ടിയിടിക്കുന്നത് അവള്‍ അറിഞ്ഞില്ല. അപ്രതീക്ഷിതമായി പെയ്ത മഴയെ പഴിച്ച് നഗരവീഥിയില്‍ ഓരം പറ്റി ധൃതിപിടിച്ച് നടക്കുന്ന നൂറുക്കണക്കിനു മനുഷ്യര്‍ക്കിടയിലും തന്റെ നഗ്നമായ ചുമലിലും കൈത്തണ്ടയിലും വീണ് ചിതറുന്ന മഴത്തുള്ളികള്‍ നീരാവിയായി വീണ്ടും മുകളിലേക്കുയരുന്നത് തെരുവിലെ അരണ്ട  നിയോണ്‍ വെളിച്ചത്തിലും അവള്‍ക്ക്‌ വ്യക്തമായി കാണാമായിരുന്നു.************************

ഇന്ന്:
പുറത്ത് ഇപ്പോ സമയമെത്രയായിക്കാണും? അതെന്താ റൂമിനകത്തെ സമയം തന്നെയല്ലേ പുറത്തും? ശ്യാമക്ക് മുറിക്കുള്ളില്‍ കയറിയാല്‍ പിന്നെ സമയം എന്നൊന്നില്ല. പുറത്തിറങ്ങുമ്പോള്‍ മാത്രമാണ് അവള്‍ സമയത്തെ പറ്റി ചിന്തിക്കുന്നത് തന്നെ.

"ശ്യാമേ....നീ ഞങ്ങളുടെ കൂടെ വരുന്നുണ്ടോ? അതോ വീണ്ടും എഫ്‌ ബിയില്‍ കുത്തിയിരിക്കാ-നാണോപരിപാട?" ചിന്തയില്‍ നിന്നുണര്‍ത്തി വാതില്‍ക്കല്‍  വന്ന് തൊട്ടടുത്ത മുറിയിലെ റിനി ചോദിച്ചു. 

ശ്യാമയുടെ മറുപടി തലയണ എടുത്തു അവളുടെ നേരെ ഒരു ഏറായിരുന്നു.  "എഫ്‌ ബി! ഒരു ദിവസത്തിലേറെയായി ഞാന്‍ ലോഗിന്‍ ചെയ്തിട്ട് തന്നെ, ഒന്ന് പോകുന്നുണ്ടോ?"

"ഹഹഹ, അതെന്തേ.. ലവന്‍ ഇപ്പൊ ഓണ്‍ലൈനില് വരാറില്ലേ?"

"അറിയില്ല, ഞങ്ങളിപ്പോള്‍ ഫ്രണ്ട്സ് അല്ല."

"പക്ഷെ അവന്‍ ഇപ്പോഴും പ്രണയത്തെ കുറിച്ച് വാതോരാതെ ദിനേന സ്റ്റാറ്റസ് ഇടുന്നുണ്ടല്ലോ?"

"എവിടെ?  ഞാന്‍ കണ്ടില്ലല്ലോ" ശ്യാമ കിടക്കയില്‍ നിന്നെഴുന്നേറ്റു.

"നീ കണ്ടില്ലേ? നിന്നെ കുറിച്ചാവും അവന്‍ ആ പറയുന്നതൊക്കെയും എന്നാണ് ഞാന്‍ കരുതിയത്. നീ ഒന്ന് അവന്റെ പ്രൊഫൈലില്‍ കയറിനോക്കൂ." റിനിയുടെ വാക്കുകള്‍ ശ്യാമയുടെ മുഖത്ത് അകാരണമായൊരു ഭീതി പടര്‍ത്തി.  റിനി അപ്പോഴും വാതില്‍ക്കല്‍ തന്നെ നില്‍ക്കുകയാണ്.  അവന്‍റെ പോസ്റ്റുകള്‍ ഒന്നും തന്നെ അവള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. എല്ലാ സെര്‍ച്ചും ചെന്നവസാനിച്ചത് ഒരേ മെസ്സേജിലായിരുന്നു.

"Sorry, this content isn't available at the moment"

എന്നാല്‍ റിനിയുടെ മൊബൈലിന്റെ ചുവരിന്‍റെ വലത്തേ മൂലയില്‍ ശ്യാമ അന്വേഷിക്കുന്ന ആ പച്ച ബള്‍ബ്‌ അപ്പോഴും നിറം മങ്ങാതെ കത്തി നില്‍ക്കുന്നുണ്ടായിരുന്നു.

(വരികളും ചിത്രങ്ങളും: എം സാദിഖ്‌ തിരുന്നാവായ)